Site icon Fourteen Kerala – 14 Kerala News

പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവച്ച് കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം കവർന്നു; യുവതി സ്ഥലത്തുവച്ചുതന്നെ പിടിയിൽ

തൃശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷ്ടിച്ചെന്ന കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കിള്ളന്നൂർ വില്ലേജിലെ തിരൂർ സ്വദേശിനി പല്ലൻ വീട്ടിൽ സജന (31) ആണ് പിടിയിലായത്.

ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ചെന്നാണ് കേസ്. തൃശൂർ റൂറൽ ഷാഡോ പൊലീസ് സംഘം സംഭവസ്ഥലത്തുനിന്നുതന്നെയാണ് യുവതിയെ പിടികൂടിയത്.

ഒക്ടോബർ 11ന് വൈകിട്ട് നാലിനും 4.30നും ഇടയിലാണ് മോഷണം നടന്നത്. കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരമാണ് പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവച്ച് മോഷണം പോയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൃശൂർ റൂറൽ ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സജനയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.ഐ. വിഷ്ണു രാമചന്ദ്രൻ, ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ.എസ്.ഐ. സിൽജോ, തൃശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സി.പി.ഒ. ശ്രീജിത്ത്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ജോയ്, മതിലകം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്രീവിദ്യ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Exit mobile version