കൊച്ചി: നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ മദ്യപാനവും അതിവേഗതയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി.
അപകടം നടന്ന സിയാൽ – അത്താണി എക്‌സ്‌പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയമായ വേഗത പരിധി. എന്നാൽ, ഈ നിയമങ്ങളെല്ലാം ലംഘിച്ച് അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് എം.വി.ഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റോഡിന്റെ ഘടനയിലോ വെളിച്ചത്തിലോ യാതൊരുവിധ അപാകതകളുമില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ റോഡിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഞായറാഴ്ച പുലർച്ചെ 1:30-ഓടെയാണ് മൂന്നുപേരുടെ ജീവനെടുത്ത ഈ ഭീകരമായ അപകടം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് (19) നിലവിൽ റിമാൻഡിലാണ്. ഞായറാഴ്ച രാത്രി മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്ത പ്രതിയെ ഇന്നലെ പുലർച്ചെയാണ് 21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയത്. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ദുർഗുണ പരിഹാര പാഠശാലയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
അപകടത്തിൽ വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ. പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
