Site icon Fourteen Kerala – 14 Kerala News

‘സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്, വീടിന്റെ വിളക്കാണ് നഷ്ടമായത്, കേസുമായി മുന്നോട്ടുപോകും’; ദേവികയുടെ കുടുംബം

വയനാട്: നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബത്തിന്റെ വൈകാരിക പ്രതികരണം. കേസുമായി മുന്നോട്ടുപോകുമെന്നും ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു.

സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. അപകടത്തിൽ മരിച്ച മൂന്നു കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. പ്രതി വളരെ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സർക്കാർ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം കൂട്ടിച്ചേർത്തു.

വീടിന്റെ വിളക്കാണ് നഷ്ടമായത്. കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടു മാസത്തിനുള്ളിൽ ദേവിക വിദേശത്തേക്ക് പോകാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈ ഗതി മറ്റാർക്കും ഉണ്ടാകരുതെന്നും കുടുംബം പ്രതികരിച്ചു.സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു. കുട്ടികളുടെ ജയിലിലാണോ ഇയാളെ കൈകാര്യം ചെയ്യേണ്ടതെന്ന് അമ്മാവൻ സന്ദീപ് ചോദിച്ചു. ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിലാണോ ഇടുന്നത്. ഇതിന് പിന്നിൽ കുടുംബത്തിന്റെ ഇടപെടലാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിൽ, 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈലിന് നിയമവിരുദ്ധമായി മദ്യം വിറ്റഴിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ കർശന നടപടിയുമായി എക്‌സൈസ്. നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റ്, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നീ ബാറുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.

പ്രതി ഈ മൂന്ന് ബാറുകളിലുമെത്തി മദ്യപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 23 വയസ്സാണ്. പ്രായപൂർത്തിയാകാത്ത പ്രായപരിധി ലംഘിച്ച് മദ്യം നൽകിയ പശ്ചാത്തലത്തിൽ ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യവും എക്‌സൈസ് ആലോചിക്കുന്നുണ്ട്.

Exit mobile version