ഉളിക്കൽ :മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് മേൽക്കൂരയാണ് കാറ്റിന്റെ ശക്തിയിൽ പൂർണമായി ഇളകിമാറി സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലേക്ക് പതിച്ചത്.
പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് മേൽക്കൂര തകർന്നുവീണത്. അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.എന്നാൽ, മേൽക്കൂര തകർന്നുവീണ സമയത്ത് ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മേൽക്കൂര തകർന്നുവീണതിന്റെ വലിയ ശബ്ദം കേട്ട് സ്കൂളിലെ അധ്യാപകരും സമീപവാസികളും സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് ഇവർ അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
