കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വാഹന ഉടമകൾ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
“പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു” എന്ന് ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തിൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് താൻ മുൻപേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, നിലവിലുള്ള നിയമപ്രകാരം സാധാരണയായി ചെയ്യാവുന്ന ചില പരിമിതമായ മാറ്റങ്ങൾക്ക് മാത്രമാണ് മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ അനുമതി നൽകിയിട്ടുള്ളത്. അതും കർശനമായ മാനദണ്ഡങ്ങൾക്കും ആർസി ബുക്കിലെ രേഖപ്പെടുത്തലുകൾക്കും വിധേയമായി മാത്രമായിരിക്കും. വാഹനം ഉപയോഗിക്കുന്നവർ വരുത്തുന്ന മാറ്റങ്ങൾ കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
