Site icon Fourteen Kerala – 14 Kerala News

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി’; കാട്ടുപന്നി ആക്രമണമെന്ന് സംശയം, അംഗൻവാടി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു

രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായെന്ന് സംശയിക്കുന്ന 56കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അരിയാനെന്തൽ സ്വദേശിനിയും അംഗൻവാടി ജീവനക്കാരിയുമായ കാളിമുത്തുവാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. ശരീരത്തിൽ കാട്ടുപന്നി ആക്രമിച്ചതിന് സമാനമായ മുറിവുകളുണ്ടായിരുന്നെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കാളിമുത്തു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയത്. വീട്ടിൽ ശുചിമുറി സൗകര്യമില്ലാത്തതിനാലാണ് സമീപത്തെ കുറ്റിക്കാടുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ആശ്രയിച്ചിരുന്നത്.

രാത്രി പത്തരയായിട്ടും കാളിമുത്തു തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് കുറ്റിക്കാടിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാളിമുത്തുവിന്റെ തുടയിൽ കാട്ടുപന്നിയുടെ കൊമ്പുകൊണ്ടേറ്റതുപോലുള്ള മുറിവും ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് പരമക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാളിമുത്തുവിന്റെ വീടിന് പിന്നിലെ പറമ്പിലും സമീപത്തെ കുറ്റിക്കാടുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ‘മാതൃകാ ഗ്രാമം’ ആയി തിരഞ്ഞെടുക്കപ്പെട്ട അരിയാനെന്തലിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ശുചിമുറി സൗകര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതുകാരണം നിരവധി പേർ പ്രാഥമിക ആവശ്യങ്ങൾക്കായി ഒഴിഞ്ഞ പറമ്പുകളെയും വനത്തോട് ചേർന്ന പ്രദേശങ്ങളെയും ആശ്രയിക്കുന്നതായും അവർ വ്യക്തമാക്കി. സർക്കാർ രേഖകളിൽ ഗ്രാമത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Exit mobile version