തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം(40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കടപ്പുറത്ത് മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സലാമിനെതിരെ ആകെ 23 കേസുകൾ നിലവിലുണ്ട്. ഇന്നലെ സലാമും സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകളുടെയും ഇടിച്ച പാടുകളും വ്യക്തമായി കാണാനുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ചും കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ചും പൂർണ്ണ വ്യക്തത വരൂ. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
