Site icon Fourteen Kerala – 14 Kerala News

32 കോടിയുടെ കുട്ടനെല്ലൂർ തട്ടിപ്പും 115 കോടിയുടെ അങ്കമാലി അഴിമതിയും; സഹകരണ ബാങ്കുകളിൽ വ്യാപക ഇഡി റെയ്ഡ്

തൃശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. പിഎംഎൽഎ പ്രകാരമെടുത്ത കേസിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി ഷിജുവിന്റെ വീടടക്കം എറണാകുളത്ത് പരിശോധന നടക്കുന്നുണ്ട്. തൃശൂരിൽ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട് അഞ്ച് ഇടങ്ങളിലും, കോഴിക്കോട് ജില്ലയിൽ ഏഴ് ഇടങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. പൊലീസ് വിവിധ ഇടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ പിന്നീട് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്യുകയും, ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകൾ മുൻനിർത്തിയായിരിക്കും തുടർന്ന് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കുട്ടനെല്ലൂർ ബാങ്കിൽ റെയ്ഡ് നടക്കുന്നത്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകി വായ്പ അനുവദിച്ചതായും, ചെറിയ ഈടിന്മേൽ അനുവദനീയമായതിൽ ഇരട്ടി തുക വായ്പ നൽകിയതായും ആരോപണങ്ങളുണ്ട്.

ഒരേ വസ്തു ഈടായി വെച്ച് അഞ്ചിൽ അധികം വായ്പകൾ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 32 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. 2020-21 സാമ്പത്തിക വർഷം മാത്രം ബാങ്കിന് 10 കോടിയിലധികം നഷ്ടമുണ്ടായെന്നും വ്യക്തമായിട്ടുണ്ട്. കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂരിലും ഇഡി എത്തിയത് തൃശൂരിലെ സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
2024-ൽ രജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ (ECIR) അടിസ്ഥാനത്തിലാണ് അങ്കമാലിയിലും പരിശോധന നടക്കുന്നത്. അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതിയും അക്കൗണ്ടന്റുമായ ഷിജുവിന്റെ വീട്, അങ്കമാലി സർവീസ് സഹകരണ ബാങ്ക്, കൂടാതെ മുഖ്യപ്രതിയായ പരേതൻ പി.ടി. പോളിന്റെ വീട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസിൽ 422 വ്യാജ ലോണുകളിലായി 96 കോടിയുടെ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ ഇത് 115 കോടിയാണെന്നും തെളിഞ്ഞിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
വ്യക്തികളുടെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് പ്രതികൾ ലോണുകൾ എടുത്ത് തട്ടിപ്പ് നടത്തിയത്. ഇരകളായ ആളുകളുടെ വീടുകളിലേക്ക് നോട്ടീസ് എത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ ലോണുകൾ എടുത്തിട്ടുണ്ടെന്ന വിവരം ഇവർ അറിയുന്നത്. തുടർന്ന് നിരവധി പരാതികളാണ് പൊലീസിന് മുന്നിൽ എത്തിയത്.

Exit mobile version