Site icon Fourteen Kerala – 14 Kerala News

ഗതാഗതക്കുരുക്കിൽ കുടുങ്ങി സഹായം വൈകി; ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ഗതാഗതക്കുരുക്കിൽ കാത്തുകിടക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ പിക്കപ്പ് വാൻ ഡ്രൈവർ കണ്ണൂർ മട്ടന്നൂർ ഉളിയിൽ കെ.കെ.സാജിർ (51) ചികിത്സ കിട്ടാതെ മരിച്ചു. ബെംഗളൂരു– ഹൊസൂർ ഹൈവേയിലെ ചന്ദാപുര മേൽപാലത്തിൽ അരമണിക്കൂറോളം നിർത്തിയിട്ട വാനിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരെ വിവരമറിയിച്ചെങ്കിലും ഗതാഗതക്കുരുക്കിനിടെ അവർക്കും സഹായവുമായി എത്താനായില്ല. 3 കിലോമീറ്ററിൽ നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങിക്കിടന്നതിനാൽ സന്നദ്ധ പ്രവർത്തകർ നടന്ന് എത്തിയപ്പോഴേക്കും മുക്കാൽ മണിക്കൂർ കഴിഞ്ഞിരുന്നു.

നേരത്തേ ബെംഗളൂരുവിൽ വ്യാപാരിയായിരുന്ന സാജിർ പുതിയ കമ്പനിയിൽ ജോലിക്കായി കഴിഞ്ഞ ദിവസമാണു നാട്ടിൽ നിന്നെത്തിയത്.കനത്ത മഴയും റെയിൽവേ മേൽപാല നിർമാണം നടക്കുന്നതുമാണ് ഗതാഗത തടസ്സത്തിനു കാരണമായത്. സാജിറിന്റെ കബറടക്കം നാട്ടിൽ നടത്തി. ഭാര്യ: റഹീന. മക്കൾ: അംന, ഹുദ ഫാത്തിമ, സഫ്‌വ, ഹംദ, മർവ്വ, ആദം.

Exit mobile version