കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കുടുംബാംഗങ്ങൾ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് എസ്‌ഐടി സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാർശ. ഹവാല ഇടപാടുകളിൽ ഊന്നിയാകും എസ്‌ഐടിയുടെ ആദ്യഘട്ട അന്വേഷണം നടക്കുക. ഹവാല ഇടപാട് അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ തെളിവുകൾ പരിശോധിക്കുന്നതിനാണ് എസ്‌ഐടി ആദ്യമായി മുൻഗണന നൽകുന്നത്.
ഈ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചായിരിക്കും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പ്രത്യേക വിജിലൻസ് കേസ് എടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യവും സംഘം ആലോചിക്കുന്നുണ്ട്.
