Site icon Fourteen Kerala – 14 Kerala News

ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ; പൊലീസ് ചമഞ്ഞ് ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികൾ പിടിയിൽ

തൃശൂർ: ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളിയ ഈ ഞെട്ടിക്കുന്ന സംഭവം ഏതാനും ദിവസം മുൻപു നടന്നെങ്കിലും ഇപ്പോഴാണു പുറത്തുവന്നത്. കേസിൽ അഞ്ചു പ്രതികളെയും വിവിധ ഇടങ്ങളിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ഈ ക്രൂരമായ ആക്രമണമെന്നാണ് വിവരം.

തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി ഒരു ക്വട്ടേഷൻ സംഘത്തിന് കൃത്യമായ വിവരങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് 5 പേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞു തൃശൂരിലെ ലോഡ്ജിലെത്തി മുറിക്കുള്ളിൽ അതിക്രമിച്ചു കയറി. യുവാവിന്റെയും യുവതിയുടെയും കയ്യും കാലും തുണികൊണ്ട് കെട്ടിയ ശേഷം വായിൽ തുണി തിരുകി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

തിരുപ്പൂരിലേക്കുള്ള മടക്കയാത്രയിലുടനീളം യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. ഇയാളുടെ കയ്യും കാലും പലയിടത്തായി ഒടിഞ്ഞ നിലയിലാണ്. തുടർന്ന് ഇയാളെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളിയ ശേഷം 5 അംഗ സംഘത്തിലെ 2 പേർ ചേർന്നു യുവതിയെ മറ്റൊരു കാറിലേക്കു മാറ്റുകയും ഈ രണ്ടു പേർ ചേർന്നു യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ യുവതിയിൽനിന്നു ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് വിവരം തൃശൂർ സിറ്റി പൊലീസിനു കൈമാറുകയായിരുന്നു.

തുടർന്ന് തൃശൂർ സിറ്റി പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തുനിന്നു പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് 3 പേരെ തിരുപ്പൂരിൽനിന്നും ഒരാളെ പഴനിയിൽ നിന്നുമാണു പിടികൂടിയത്. പ്രതികളുടെ പേര് അടക്കമുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പിന്നീടു പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version