വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന കൊലപാതകം നടന്നിട്ടുള്ളത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണി എന്ന യുവതിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഷാഫിയും കല്യാണിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയായിരുന്നു. പണമിടപാടിന് പുറമെ കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ ഭിന്നതകളുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ആരും തിരിച്ചറിയാതിരിക്കാൻ മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു മാറ്റുകയായിരുന്നു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളുകയും ചെയ്തു. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ വിവിധയിടങ്ങളിൽനിന്നായി മറ്റു ശരീരഭാഗങ്ങൾകൂടി കണ്ടെത്തുകയുണ്ടായി. എന്നാൽ കൈയുടെ ഭാഗങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പ്രചരിപ്പിച്ച ചിത്രങ്ങളിൽനിന്നാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കല്യാണിയുടെ കൈയിൽ തൂവൽ പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചതും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതും. സ്വന്തം ഭാര്യയേയും കുട്ടികളേയും ഗുണ്ടൂരിലുള്ള വീട്ടിലേക്ക് അയച്ച ശേഷമാണ് ഷാഫി കൃത്യത്തിനായി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നുവെന്നും, ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും എ.സി.പി. ദുർഗ റാലു വ്യക്തമാക്കി. നിലവിൽ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ കൂടെയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട മറ്റ് നിയമവശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്ത പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
