Site icon Fourteen Kerala – 14 Kerala News

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നുംജയം. പരമ്പരയിലെ ആദ്യ വിജയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടുവിക്കറ്റിനാണ് തകര്‍ത്തത്. മത്സരത്തില്‍ വിരാട് കോലിയും ശുഭ്മാന്‍ഗില്ലും സെഞ്ച്വറി നേടി. 296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 110 റണ്‍സെടുത്തപ്പോള്‍ കോലി 139 റണ്‍സുമായി മത്സരത്തിലെ ടോപ് സ്‌കോററായി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറില്‍ അമ്പത് റണ്‍സ് അടിച്ച ഇരുവരും പത്ത് ഓവറില്‍ അത് 70 റണ്‍സാക്കി. എന്നാല്‍ 12-ാം ഓവറില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. 32 റണ്‍സുമായി നില്‍ക്കവെ രോഹിത് ശര്‍മ പുറത്താകുകയായിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും വിന്‍ഡീസ് ബൗളര്‍മാതലങ്ങും വിലങ്ങും പ്രഹരിച്ചു. 16 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 100 റണ്‍സെടുത്തിരുന്നു.

വിരാട് കോലിയും ഗില്ലും ക്രീസില്‍ നിലയുറപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. രണ്ടാംവിക്കറ്റിനായി വിന്‍ഡീസ് ബൗളര്‍മാര്‍ കഠിന ശ്രമം നടത്തുമ്പോഴും 25 ഓവറില്‍ 158-1 എന്ന നിലയിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ ഇരുവര്‍ക്കുമായി. ഇതിനിടെ അര്‍ധസെഞ്ചുറി തികച്ച ഗില്‍ നൂറിലേക്കുള്ള യാത്രയിലായിരുന്നു. ഒപ്പം ബൗണ്ടറികളുമായി കോലി കാര്യവട്ടത്തെ തികച്ചും ആവേശക്കൊടുമുടിയിലാക്കി. വൈകാതെ കോലിയും അര്‍ധസെഞ്ച്വറി തികച്ചു. 31-ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയെത്തി. 96 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. 32-ാം ഓവറിലും 34-ാം ഓവറിലും കോലി റോസ്റ്റണ്‍ ചേസിനെ ബൗണ്ടറിയടിച്ചു. തൊട്ടുപിന്നാലെ ഗില്‍ പുറത്തായി. 110 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റായി എത്തിയത് ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു. മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ കോലി ഏകദിന ക്രിക്കറ്റിലെ തന്റെ 55-ാം സെഞ്ചുറി തികച്ചു. 74 പന്തില്‍ നിന്നാണ് താരം നൂറ് തികച്ചത്. നൂറ് തികച്ചിട്ടും വിന്‍ഡീസ് ബൗളര്‍മാരെ കോലി പ്രഹരിച്ചു കൊണ്ടിരുന്നു. അങ്ങനെ 41.4 ഓവറില്‍ ഇന്ത്യ പരമ്പരയിലെ ആദ്യജയം സ്വന്തം പേരിലാക്കി. 88 പന്തില്‍ നിന്ന് 139 റണ്‍സുമായി മത്സരത്തിലെ തന്നെ ടോപ് സ്‌കോററായി കോലി.

ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സ് സെഞ്ചറി (101 റണ്‍സ്) എടുത്തപ്പോള്‍ ഇന്ത്യുടെ കുല്‍ദീപ് യാദവ് നാലുവിക്കറ്റ് സ്വന്തം പേരിലാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ജോണ്‍ കാംപ്ബെല്ലും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ മോശമാക്കാതെ തന്നെ നേരിട്ടു. പതിയെയായിരുന്നു തുടക്കമെങ്കിലും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇരുവരും സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. സ്‌കോര്‍ 135 ല്‍ നില്‍ക്കേ കാംപ്ബെല്‍ പുറത്തായി. 62 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീടിറങ്ങിയ കാസി കാര്‍ട്ടി(13), ഷായ് ഹോപ്(12) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വിക്കറ്റുകള്‍ തുടരെ തുടരെ പോയിട്ടും ഗ്രീവ്സ് സെഞ്ചുറി തികച്ചു. 108 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത് താരം പുറത്തായതോടെ വിന്‍ഡീസിന് കഷ്ടകാലമായി തുടങ്ങി.

ജുവല്‍ ആന്‍ഡ്രൂ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ വിന്‍ഡീസ് 35.4 ഓവറില്‍ 198-5 എന്ന നിലയിലായി. ആറാം വിക്കറ്റില്‍ റോസ്റ്റണ്‍ ചേസും അമിര്‍ ജാങ്കൂവും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ ടീം 250 കടന്നു. അമിര്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 295 റണ്‍സെടുത്തിരുന്നു.

Exit mobile version