Site icon Fourteen Kerala – 14 Kerala News

സെപ്‌തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവ‌ർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌തംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്‌ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ – സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്‌തംബബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്‌തംബർ 29നും അവധിയായിരിക്കും.
പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷ ഉണ്ടെങ്കിൽ, ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് യാതൊരുവിധ തടസവും വരാത്തവിധം പരീക്ഷാ ഹാളുകൾ ക്രമീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16),തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version