തിരുവനന്തപുരം: ശബരിമല തർക്കത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്ത്. ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഇത്തവണത്തെ ശബരിമല ദർശനം വളരെ ഭംഗിയായി നടക്കണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ. ജയകുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം പൂർണ്ണമായും സർക്കാരിനാണെന്നും ഈ വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ദേവസ്വം ബോർഡ് ഇതുവരെ സ്വീകരിച്ച നടപടികളിൽ സർക്കാരിന് അതൃപ്തിയുമുണ്ട്. ആ കാര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ ഞങ്ങൾ ബോർഡുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല. ഇത്തവണത്തെ ശബരിമല ദർശനം യാതൊരുവിധ വീഴ്ചകളുമില്ലാതെ ഭംഗിയായി നടത്തണം.
ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ മേൽ വന്നുചരും. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽ പോലും മന്ത്രിയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ ‘ദേവസ്വം ബോർഡ്’ എന്നൊരു സംവിധാനം നിലവിലുണ്ടെന്ന കാര്യം പോലും ചില നേതാക്കൾക്ക് അറിയുന്നില്ല. ഈ വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്,’ മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തട്ടെയെന്നും, ഇന്ന് വൈകുന്നേരം താനും മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും മുരളീധരൻ അറിയിച്ചു. വിഷയത്തിന് ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ മറ്റ് നടപടികളെ കുറിച്ച് അപ്പോൾ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ രാജിയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അത് സർക്കാരിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നിലവിലുള്ള ഏക അജണ്ട ശബരിമല ദർശനം ഭംഗിയാക്കുക എന്നത് മാത്രമാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങൾ സാഹചര്യം അനുസരിച്ച് ആലോചിച്ച് തീരുമാനിക്കാമെന്നും, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ രാജി കാര്യങ്ങളിൽ പ്രതികരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
