സംസ്ഥാനത്ത് അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില വര്‍ധിച്ചിട്ടുള്ളത്. കൊല്ലം പുനലൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം സിറ്റിയില്‍ 35.4 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.
കൂടാതെ പാലക്കാട് 35.2 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്.
വയനാട്ടില്‍ സാധാരണയേക്കാള്‍ 54 ശതമാനവും ഇടുക്കിയില്‍ 47 ശതമാനവും മഴ കുറഞ്ഞു. അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ (18-09-2026) ഇടുക്കി ജില്ലയിലും, ശനിയാഴ്ച (19-09-2026) മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ഞായറാഴ്ച (20-09-2026) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
