കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിന്റെ പിൻഭാഗത്ത് പ്ലാസ്റ്റിക് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ജയിലിനുള്ളിൽ മണ്ണ് ഇളക്കി മാറ്റിയ നിലയിൽ കണ്ടതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്.
ഫോണുകളിൽ സിം കാർഡുകൾ ഉണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനകത്തേക്ക് ഫോൺ എത്തിച്ചതാരെന്നോ ഇത് ഉപയോഗിച്ചതാരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മുമ്പും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുള്ളതായി അധികൃതർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫിസർക്കെതിരെയും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. തടവുകാരനായ ജലാലുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫിസർ ജിഷ്ണുവിനെതിരെയാണ് കേസ രജിസ്റ്റർ ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകണമെന്ന് ജലാലുദ്ദീൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ പ്രിസൺ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
