Site icon Fourteen Kerala – 14 Kerala News

നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും തീരുമാനമാകാതെ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്കുമായി മുന്നോട്ട്. നാളെ പണിമുടക്കും തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയും വരുന്നതോടെ തുടർച്ചയായി 3 ദിവസം ബാങ്ക് പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടും. കൂടാതെ വിനായക ചതുർഥി അവധിയുള്ള ചില സംസ്ഥാനങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി 4 ദിവസം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

അതേസമയം പണിമുടക്കിന്റെ രണ്ടാം ഘട്ടമായി ഈ മാസം 28, 29, 30 തീയതികളിൽ മൂന്ന് ദിവസത്തെ സമരം നടത്താനും, അതിനുശേഷവും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനും ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളിൽ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന പ്രധാന ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിക്കാത്തതാണ് സമരത്തിന് കാരണം. കൂടുതൽ കക്ഷികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.

സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്‌കീം സർക്കാർ മരവിപ്പിച്ചിരുന്നു. പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കാൻ 2024 മാർച്ച് മാസത്തിൽ തന്നെ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ധാരണയിലെത്തിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.

Exit mobile version