തിരുവനന്തപുരം: കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻസ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മകൾ ടി. വീണ വഴി സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കാട്ടി അന്വേഷണത്തിന് ശുപാർശ ചെയ്ത് ഇ.ഡി നൽകിയ കത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ആവശ്യമായ നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിൽ രാഷ്ട്രീയപരമായ ഇടപെടലുകൾ ഒന്നുമില്ലെന്നും കേവലം നിയമവശങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽ നിന്നോ കമ്പനികളിൽ നിന്നോ സംഭാവനകൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഈ കേസ് അങ്ങനെയൊരു സാധാരണ രാഷ്ട്രീയ സംഭാവനയുടെ പരിധിയിൽ വരുന്നതല്ലെന്നും, അതിനപ്പുറമുള്ള ഗൗരവകരമായ കാര്യങ്ങൾ ഇ.ഡി നൽകിയ കത്തിൽ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഷയത്തിൽ സിപിഎം ഇപ്പോൾ കേവലം ന്യായീകരണങ്ങൾ കണ്ടെത്താൻ മാത്രമാണ് ശ്രമിക്കുന്നത്. നിലവിൽ സിപിഎം വലിയ രീതിയിൽ പ്രതിരോധത്തിലായിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.