Site icon Fourteen Kerala – 14 Kerala News

വീടിന് മുന്നിൽ ബഹളം; ചോദ്യം ചെയ്തതിന് പിന്നാലെ ക്രൂര മർദ്ദനം, സംഗീതജ്ഞൻ ചികിത്സയിലിരിക്കെ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞൻ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ ഡൽഹി പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പ്രായപൂർത്തിയാകാത്തയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. തിങ്കളാഴ്ച പുലർച്ചെ വിക്രം സിങ്ങിന്റെ വീടിന് മുന്നിൽ ഒരുകൂട്ടം ആളുകൾ ഒത്തുകൂടി ബഹളംവെയ്ക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.

ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ്, ഇവ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും കൃത്യമായ പങ്കും വിവരങ്ങളും വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്.എന്നാൽ വിക്രം സിങ്ങിനെ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിച്ചുകൊല്ലുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഗുരുതര ആരോപണം. വർഷങ്ങളായി കിലോകരി ഗ്രാമത്തിൽ താമസിച്ചുവരുന്ന വ്യക്തിയാണ് വിക്രം സിങ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളിലും അതിക്രമങ്ങളിലും ബന്ധുക്കൾ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.

Exit mobile version