Site icon Fourteen Kerala – 14 Kerala News

അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്കൊപ്പം’; കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കും എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കര്‍ഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെ ഭരണസമയത്തെ കേസുകളിലാണ് നടപടിയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയില്‍ അറിയിച്ചു. പരന്തൂര്‍ വിമാനത്താവളം, സിപ്‌കോട്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തിയത്. ആനുകൂല്യങ്ങള്‍ക്കായി അധ്യാപകര്‍ നടത്തിയ സമരത്തിലും കേസെടുത്തു. കേസുകള്‍ പിന്‍വലിക്കുന്നുവെന്നും അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്കൊപ്പമാണ് ടിവികെയെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയസഭയില്‍ അറിയിച്ചു.

മുന്‍ സര്‍ക്കാര്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ കാരണം കര്‍ഷകരും അധ്യാപകരും ഇന്നും പ്രയാസപ്പെടുകയാണ്. ജനാധിപത്യ തത്വങ്ങളെ മാനിക്കുന്ന ഞങ്ങളുടെ സര്‍ക്കാര്‍, മാനുഷിക പരിഗണന മുന്‍നിര്‍ത്തി അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ഒപ്പം നിലകൊള്ളും – മുഖ്യമന്ത്രി വിജയ് അസംബ്ലിയില്‍ പറഞ്ഞു.

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത് ഇതാദ്യമായല്ലെന്നും, ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് 5,000-ത്തിലധികം കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്ന് ഒരു മന്ത്രി പറയുന്നു. അത് വസ്തുതാപരമായി ശരിയല്ല. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ കാലത്ത് സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലെടുത്ത 5,000-ത്തിലധികം കേസുകള്‍ പിന്‍വലിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തര്‍ക്കം രൂക്ഷമാണ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകുമെന്ന് ടിവികെ എംഎല്‍എ കനിമൊഴി സന്തോഷ് പറഞ്ഞു. ടിവികെ എംഎല്‍എമാര്‍ ഇപ്പോഴും ആരാധകരുടെ കൂട്ടം മാത്രമെന്ന് കോണ്‍ഗ്രസ് എംഎല്‍എ താരഗൈ കുത്‌ബെര്‍ട്ട് തിരിച്ചടിച്ചു. വിവാദങ്ങള്‍ വേണ്ടെന്നും ഓരോ സമയത്തും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാമെന്നും മന്ത്രി സിടിആര്‍ നിര്‍മല്‍കുമാറും പ്രതികരിച്ചു.

Exit mobile version