Site icon Fourteen Kerala – 14 Kerala News

18 വർഷത്തെ സേവനം; പ്രിയപ്പെട്ട ബസിനൊരു മുത്തം, ടയറില്‍ തൊട്ടുതൊഴുതു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരികമായ വിരമിക്കല്‍

ഇടുക്കി: ജോലിയിൽ നിന്നുള്ള വിരമിക്കൽ പലർക്കും സന്തോഷത്തിനൊപ്പം ഏറെ വൈകാരികതയും വേദനയും സമ്മാനിക്കുന്ന നിമിഷമാണ്. അത്തരമൊരു ഹൃദയസ്പർശിയായ വിരമിക്കൽ രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

18 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി പോൾ കുര്യന്റെ യാത്രയയപ്പാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. വർഷങ്ങളോളം ജീവിതത്തിന്റെ ഭാഗമായിരുന്ന കെഎസ്ആർടിസി ബസിനോട് ഏറെ സ്നേഹത്തോടെയാണ് പോൾ കുര്യൻ വിടപറഞ്ഞത്.

എന്നും വളയം പിടിച്ച് തന്റെ ദിവസം ആരംഭിച്ചിരുന്ന ബസിന്റെ മുൻവശത്തെത്തി ആദ്യം ഒരു മുത്തം നൽകി. പിന്നീട് ബസിനെ അടിമുടി സ്നേഹത്തോടെ നോക്കിനിന്ന ശേഷം ഡ്രൈവർ സീറ്റിലിരുന്ന് കുറച്ചുനേരം ചെലവഴിച്ചു.തുടർന്ന് താഴേക്കിറങ്ങിയ അദ്ദേഹം ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ടയറുകൾ തൊട്ട് തൊഴുതാണ് തന്റെ പ്രിയപ്പെട്ട വാഹനത്തോട് യാത്ര പറഞ്ഞത്.

പോളിന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു ബസും യാത്രയും. തന്റെ സുഖദുഃഖങ്ങളിൽ ഒപ്പം നിന്ന, ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ ധൈര്യം നൽകിയ പ്രിയപ്പെട്ട ചങ്ങാതിയോടുള്ള സ്നേഹവും വേർപാടിന്റെ വേദനയും ഈ യാത്രപറച്ചിലിൽ വ്യക്തമാണ്.വൈകാരികമായ ഈ രംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. എത്രത്തോളം ഹൃദയവേദനയോടെയാണ് പോൾ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നുവെന്നാണ് ഒരാളുടെ കമന്റ്.

ബസിനെയും ജോലിയെയും ഹൃദയത്തിൽ കൊണ്ടുനടന്ന ഒരാൾക്ക് ഇതല്ലാതെ മറ്റെങ്ങനെ യാത്ര പറയാനാകുമെന്നാണ് പലരും ചോദിക്കുന്നത്. വാഹനത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി കാണുന്ന ഡ്രൈവർമാരുടെ വേദന കൂടിയാണ് ഈ രംഗത്തിലൂടെ പുറത്തുവരുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
തനിക്ക് അന്നം നൽകിയ തൊഴിലിനോടും വർഷങ്ങളോളം കാത്തുസൂക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് പോൾ കുര്യന്റെ യാത്രപറച്ചിലിലൂടെ കാണുന്നതെന്നും പലരും കുറിക്കുന്നു.

Exit mobile version