തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് ചോദിച്ച അദ്ദേഹം വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി നേരിട്ടതെന്നും ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിന് പിന്നാലെ സര്‍വകലാശാല പരിപാടിയിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ചിനുനേരെ പേരിന് ജലപീരങ്കി പ്രയോഗിച്ച പൊലീസ് ഉടനെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. സാധാരണ നിലയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ ഒന്നും നല്‍കാതെയാണ് പൊലീസ് മര്‍ദ്ദനം ആരംഭിച്ചത്. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനുപോലും സാവകാശം നല്‍കാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. ഈ അന്യായ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം – അദ്ദേഹം ആവശ്യപ്പെട്ടു.
സമരം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് നിഷ്ഠൂരമായി മര്‍ദിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം മര്‍ദനമേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മൃഗീയമായി വിദ്യാര്‍ഥികളെ മര്‍ദിച്ചത്. രണ്ട് കുട്ടികളുടെ തലയ്ക്ക് പരുക്കുണ്ട്. പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികളെ തലയ്ക്കടിച്ചു വീഴ്ത്തിയത്. ഡിവൈഎഫ്‌ഐ രാവിലെ നടത്തിയ മാര്‍ച്ചില്‍ ചെളി വെള്ളമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത്. ഇടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തെ ചോരയില്‍ മുക്കി കളയാം എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ കരുതിയിരിക്കുന്നത്. കാവിവല്‍ക്കരണം നടത്താനാണ് ഉദ്ദേശമെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും അദ്ദേഹം പറഞ്ഞു.
