ന്യൂഡൽഹി: ഡൽഹി വിനോദ് നഗറിലെ സർക്കാർ സ്കൂളിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപികയുടെ ക്രൂരമായ ശിക്ഷയ്ക്ക് ഇരയായ പത്തുവസ്സുകാരി മരിച്ചു. അധ്യാപികയുടെ ശിക്ഷയെ തുടർന്ന് അവശയായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ലാസിൽ പുസ്തകം കൊണ്ടുവരാത്തതിന്റെ പേരിൽ അധ്യാപിക കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും, കൈകൾ ഉയർത്തിപ്പിടിച്ച് മണിക്കൂറുകളോളം വെയിലത്ത് നിർത്തുകയും ചെയ്തുവെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു.
സ്കൂളിൽ എത്തിയപ്പോഴാണ് മകൾ വെയിലത്ത് അവശനിലയിൽ നിൽക്കുന്നത് കണ്ടതെന്ന് അമ്മ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അധ്യാപികയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. വിദ്യാർത്ഥിനിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ആരോപണവിധേയയായ അധ്യാപികയെ സ്ഥലംമാറ്റിയതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗിയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
