കാസർകോട് : മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായികൾ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ചുകൾക്കിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ നേരിടാൻ ഇരുസ്ഥലങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിന് 100 മീറ്റർ അകലെ വച്ച് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞ പൊലീസ്, പ്രവർത്തകർക്കു നേരെ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ജലപീരങ്കി പ്രയോഗം നടന്നു. കേസിലെ പ്രതികളുടെ ഉന്നത ബന്ധങ്ങളിലേക്കും സാമ്പത്തിക സ്രോതസ്സുകളിലേക്കും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും പൊലീസ് അന്വേഷണം ബോധപൂർവ്വം അട്ടിമറിക്കുകയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിനപ്പുറത്തേക്ക് കാര്യക്ഷമമായ അന്വേഷണം മുന്നോട്ട് പോകുന്നില്ല. വി ഡി സതീശന്റെ അനുയായികൾ ഉൾപ്പെട്ട കേസ് ആയതുകൊണ്ടാണ് ഇത് മൂടിവെക്കാൻ ശ്രമം നടക്കുന്നതെന്നും, വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.
