Site icon Fourteen Kerala – 14 Kerala News

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണം. നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ പാര്‍ക്കിങ്ങിനും വഴിയോര കച്ചവടത്തിനും വിലക്ക് ഏര്‍പ്പെടുത്തി. രാവിലെ പത്ത് മുതല്‍ എറണാകുളത്തും ആലുവയിലും വാഹനങ്ങള്‍ വഴി തിരിച്ച് വിടും. നാല് മണിക്ക് കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷത്തിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. 6 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

ആലുവയില്‍നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ ആലുവ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളേജ് ജംഗ്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂര്‍ – മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി കണ്ടെയ്‌നര്‍ റോഡ് മാര്‍ഗ്ഗം ചേരാനെല്ലൂര്‍ ജംഗ്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് നാഷണല്‍ ഹൈവേ 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂര്‍,കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ മേഖലകളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ പള്ളിക്കര, കരിമുഗള്‍, അമ്പലമുഗള്‍ റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി യാത്ര തുടരേണ്ടതാണ്.

കളമശ്ശേരി SCMS ജംഗ്ഷന്‍ മുതല്‍ കളമശ്ശേരി ടി.വി.എസ് ജംഗ്ഷന്‍ വരെയും, കളമശ്ശേരി എച്ച്.എം.ടി, കളമശ്ശേരി മെഡിക്കല്‍ കോളേജ് റോഡ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംഗ്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാര്‍ക്കിംഗും വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.

Exit mobile version