തിരുവനന്തപുരം: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്‌സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
സംഭവത്തിനു പിന്നാലെ പ്രതികളുടെ വീടുകൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്. ചാന്നങ്കര സ്വദേശിയായ അദീഫ് കബീർ (20), കഴക്കൂട്ടം സ്വദേശി അജിംഷ എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9:20-ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്തു നടന്ന ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങവെയാണ് ഈ ആക്രമണം ഉണ്ടായത്.
മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ഇരുവരുടെയും ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആയുധം കൊണ്ട് തലയ്ക്ക് കുത്താൻ ശ്രമിച്ചെങ്കിലും അദീഫ് ഒഴിഞ്ഞുമാറിയതിനാൽ നെറ്റിയുടെ മുകളിലായിട്ടാണ് പരിക്കേറ്റത്. തുടർന്ന് അദീഫിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു.
