ആലപ്പുഴ : ചെങ്ങന്നൂരിൽ എംസി റോഡിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 30-ാം തീയതി രാത്രി 10 മണിയോടെയാണ് വെള്ളാവൂർ ജങ്ഷന് സമീപം റോഡിൽ ഉപയോഗിച്ചതും അല്ലാത്തതുമായ രണ്ടായിരത്തോളം ഉറകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് ഓടുന്ന വാഹനത്തിൽ നിന്നാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് നാട്ടുകാരുടെ സംശയം.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭ്യമായിട്ടും പൊലീസ് കാര്യമായ അന്വേഷണമോ കേസെടുക്കലോ നടത്തിയില്ലെന്നാണ് പ്രധാന ആരോപണം. വലിയ തോതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നഗരസഭാ അധികൃതരെത്തിയാണ് പിന്നീട് റോഡ് ശുചീകരിച്ചത്.
