Site icon Fourteen Kerala – 14 Kerala News

മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാർ എന്നിവരുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്, അരുവിക്കര സ്റ്റേഷൻ എസ്‌എച്ച്‌ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാെലീസ് സംഘം പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു സംഭവം. മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ പ്രതി, കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു.തീകൊളുത്താനുള്ള ശ്രമത്തിനിടെ പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.​

Exit mobile version