കണ്ണൂർ: കണ്ണൂർ മട്ടന്നൂർ മാലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയ പുലി ചികിത്സയ്ക്കിടെ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ കൂടുതൽ ചികിത്സയ്ക്കായി ആറളത്തെ ആർആർടി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ വ്യാഴ്ച ഉച്ചയോടെ പുലി ചത്തതായി വനംവകുപ്പ് അറിയിച്ചു.
കെണിയിൽ കുരുങ്ങിയതുമൂലമുണ്ടായ ആന്തരിക പരിക്കാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.മാലൂർ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഒരു കൃഷിയിടത്തിൽ കെണി സ്ഥാപിച്ചിരുന്നതാണ്. ഈ കെണിയിലാണ് പുലി അകപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും ചേർന്ന് പുലിയെ മയക്കുവെടി വെച്ച് കെണിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളുടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി ആറളത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് പുലി ചത്തത്.
കെണിയിൽ ദീർഘനേരം കുടുങ്ങിക്കിടന്നതും അതിനിടെ ശരീരത്തിൽ ഉണ്ടായ ആന്തരിക പരിക്കുകളും മരണത്തിലേക്ക് നയിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ വനംവകുപ്പ് കേസെടുക്കാൻ തീരുമാനിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിത കെണി സ്ഥാപിച്ച കൃഷിയിടത്തിന്റെ ഉടമയെ കേസിൽ പ്രതിയാക്കാനാണ് വനംവകുപ്പിന്റെ നീക്കം.
അനുമതിയില്ലാതെ കാട്ടുപന്നിയെ പിടിക്കാൻ കെണി സ്ഥാപിച്ചതും അതിൽ സംരക്ഷിത ജീവിയായ പുലി കുടുങ്ങി മരിച്ചതും ഗുരുതരമായ നിയമലംഘനമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.
