തൃശൂർ : തൃശൂർ പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് അൻപത് പവനോളം സ്വർണം കവർന്നു. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കരുതിവെച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെ വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. രാത്രി കടയടച്ച് ഏകദേശം രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത നിലയിൽ കാണുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന വൻതുക വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവസ്ഥലത്തിന് സമീപം രാത്രികാലങ്ങളിൽ രണ്ട് അപരിചിതരായ വ്യക്തികളെ കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
