Site icon Fourteen Kerala – 14 Kerala News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതികളായ കാസർ​ഗോഡ് എംഡിഎംഎ കേസ്; ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഞ്ചാമൻ അറസ്റ്റിൽ

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാസർകോട് അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറാണ് പിടിയിലായത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. സാബിർ ലഹരി കടത്തിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസിന്റെ നിലപാട്. സാബിറിന് ലഹരി കടത്തലിൽ ദില്ലി, ബംഗളൂരു എന്നീ നഗരങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.അതേസമയം, കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പെരുമ്പാവൂർ സ്വദേശികളായ കെഎച്ച് മുഹമ്മദ് ഹുസൈൻ, പിഎ അബ്ദുൽ സലാം, പിഎ അബ്ബാസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തങ്ങളെ പെടുത്തിയതാണെന്നും ദുരൂഹതയുണ്ടെന്നുമാണ് പ്രതികൾ പറയുന്നത്. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് മറ്റൊരു വക്കീൽ ആണെങ്കിലും ഇന്ന് കോടതിയിൽ ഹാജരായത് കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ഷാജിദ് കമ്മാടമാണ്.

കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും പ്രതികൾക്ക്‌ യാതൊരു സഹായവും നൽകില്ലെന്ന് കോൺഗ്രസ്‌ നേതൃത്വവും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കോൺഗ്രസ്‌ നേതാവ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്തിൻ്റെ വിശദീകരണം.

പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിപ്പെടുത്തിയതാണ് അബ്‌ദുൾ സലാമും തെറ്റ് ചെയ്തിട്ടില്ലെന്ന് മുഹമ്മദ്‌ ഹുസൈനും മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യാണ് ചന്തേര പൊലീസിന്റെ തീരുമാനം. അതിനുശേഷം ആവശ്യമെങ്കിൽ തെളിവെടുപ്പ് നടത്തും.

Exit mobile version