കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി നടക്കുന്ന അന്വേഷണം ഊർജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ ഉപയോഗം പിതാവ് വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ നാടുവിട്ടതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു വീട്ടിൽ നിന്ന് പോയത്. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേരളത്തിന് പുറത്തും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ കാര്യമായ സൂചനകൾ പൊലീസിനോ കുടുംബത്തിനോ ഇതുവരെ ലഭിച്ചിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ ചിലർ കണ്ടെന്ന വിവരം പൊലീസ് പരിശോധിച്ചെങ്കിലും അത് തെറ്റാണെന്ന് കണ്ടെത്തി. അടുത്തുള്ള സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനിടെ നാട്ടുകാർ സമൂഹ മാധ്യമങ്ങൾ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കി അച്ഛൻ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് കുട്ടി നാടുവിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം.
ഗെയിം കളിച്ച് കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.കുട്ടി ഇറങ്ങിപ്പോകുന്ന സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ചെറുപ്പത്തിൽ അമ്മ മരിച്ച ശിവസൂര്യയ്ക്ക് പിതാവ് മാത്രമാണ് ഉള്ളത്.
