തിരുവനന്തപുരം: പനവൂരിൽ ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് അപകടത്തിൽ മരിച്ചത്. പനവൂർ – ചുള്ളാളത്ത് ഇന്ന് രാവിലെ 6:45-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അരുൺ.
ചുള്ളാളത്ത് വെച്ച് തന്റെ പരിചയക്കാരനായ ടിപ്പർ ഡ്രൈവറെ കണ്ട അരുൺ വാഹനം നിർത്താൻ കൈ കാണിച്ചിരുന്നു. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ടിപ്പറിന്റെ പിൻചക്രം അരുണിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടത്തിന് ഇരയായ അരുണും ടിപ്പർ ഡ്രൈവറും ഒരേ ക്വാറിയിലെ ഡ്രൈവർമാരാണ്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
