Site icon Fourteen Kerala – 14 Kerala News

വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല…; ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം’, എംഎൽഎ ഓഫീസിൽ ദേശീയപതാക ഉയർത്തി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനയ്ക്ക് ഈ സന്ദർഭത്തിൽ നാം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്.

‘നാനാത്വത്തിൽ ഏകത്വം’ നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതയ്ക്ക് ഈ മണ്ണിൽ യാതൊരു സ്ഥാനവുമില്ലെന്നും, ജനാധിപത്യ മതേതര മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കിയിരുന്നു. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്.

Exit mobile version