തൃശൂർ: തൃശൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം എക്സൈസ് പൊളിച്ചു. 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും പിടികൂടി. നന്തിപുലം ആറ്റപ്പിള്ളി കുന്നത്ത് പറമ്പിൽ സ്വദേശി ജിതിൻ (27)നെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ്റപ്പിള്ളിയിലെ വാടക വീട് റെയ്ഡ് ചെയ്തത്.
ഡിസ്റ്റിലറിക്ക് സമാനമായ രീതിയിലായിരുന്നു ഇവിടത്തെ പ്രവർത്തനങ്ങളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ചായിരുന്നു മദ്യനിർമാണം നടത്തിയിരുന്നത്. പമ്പിങ് മെഷീൻ സഹിതമുള്ള സന്നാഹങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ശിവകാശിയിൽ നിന്ന് അച്ചടിച്ച ലേബലുകൾ ഒട്ടിച്ചാണ് വിദേശമദ്യം വിറ്റിരുന്നതെന്നും 300 രൂപ നിരക്കിലാണ് വിൽപന നടത്തിയതെന്നും എക്സൈസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം പാറളം ചിറ ഗ്രീൻ ലെയ്ൻ റോഡിൽ സ്കൂട്ടറിൽ 18 ലീറ്റർ മദ്യക്കുപ്പികൾ ചാക്കിൽ നിറച്ച് വിൽപനക്കായി കൊണ്ടുപോകുമ്പോഴാണ് ജിതിനെ ആദ്യം പിടികൂടിയത്. വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ജിതിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. കിടപ്പുമുറി മദ്യനിർമാണശാലയായി ഉപയോഗിച്ചിരുന്നു.
അലമാരകളിൽ നൂറുകണക്കിന് മദ്യക്കുപ്പികൾ അടുക്കിവച്ച നിലയിലും സമീപത്ത് മദ്യം നിറക്കാനുള്ള മെഷീനും കണ്ടെടുത്തു. എക്സൈസിന്റെ അന്വേഷണത്തിൽ, കഴിഞ്ഞ ജൂണിലാണ് ജിതിൻ വീട് വാടകയ്ക്കെടുത്ത് മദ്യനിർമാണം ആരംഭിച്ചതെന്ന് കണ്ടെത്തി. ജിതിന്റെ വീട്ടുകാർ ഏതാനും കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് താമസം.
മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിർമിക്കുന്ന വിധം ജിതിൻ മനസ്സിലാക്കിയിരുന്നതായി എക്സൈസ് പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഇടനിലക്കാരൻ വഴിയാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. ശിവകാശിയിൽ നിന്ന് ഹോളോഗ്രാം സഹിതമുള്ള ലേബലുകൾ പ്രിന്റ് ചെയ്ത് എത്തിച്ചിരുന്നതും ജിതിൻ തന്നെയാണ്.
വിൽപനക്കായി ഇടനിലക്കാരെ ജിതിൻ സംഘടിപ്പിച്ചിരുന്നു. സ്കൂട്ടറിൽ പലയിടങ്ങളിലായി ഇടനിലക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന രീതിയായിരുന്നു. കോടന്നൂരിലെ ഇടനിലക്കാരന് മദ്യം നൽകാനുള്ള യാത്രക്കിടയിലാണ് ഇയാൾ പിടിക്കപ്പെട്ടത്. വിപണിയിൽ അര ലീറ്ററിന് 500 രൂപയോളം വിലയുള്ള വിദേശമദ്യത്തിന്റെ വ്യാജ പതിപ്പാണ് ജിതിൻ നിർമിച്ചിരുന്നത്.
ഒരാഴ്ചയിലേറെയായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അസി. ഇൻസ്പെക്ടർ വി.ആർ. ജോർജ്, പ്രിവന്റിവ് ഓഫിസർമാരായ പി.കെ. സുനിൽ, വി.വി. കൃഷ്ണകുമാർ, കെ.ആർ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. രഞ്ജിത്ത്, സി.എ. വൈഷ്ണവ്, കെ.എസ്. ശ്യാമലത, പി.എസ്. സിജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
