Site icon Fourteen Kerala – 14 Kerala News

ഓണക്കാലത്ത് കൂടുതൽ പ്രഹരം… സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സർക്കാർ ഇടപെടണമെന്ന് മുൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് മുൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വെളിച്ചെണ്ണയുടെ വില കഴിഞ്ഞ വർഷം ക്രമാതീതമായി ഉയർന്നെങ്കിലും സർക്കാർ ഇടപെട്ട് പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും അന്ന് നിയന്ത്രിക്കാൻ സാധിച്ചെന്നും മുൻമന്ത്രി പറഞ്ഞു.

“കഴിഞ്ഞ ഓണക്കാലത്ത് ഒരു മാധ്യമവും സർക്കാരിനെ വിമർശിച്ചിട്ടില്ല” എന്ന് ഓർമിപ്പിച്ചാണ് ജി.ആർ. അനിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികരിച്ചത്. സപ്ലൈകോയുടെ ഇടപെടൽ കഴിഞ്ഞ ഓണമാസം 386 കോടി രൂപയുടെ വിൽപ്പന സപ്ലൈകോ വഴി നടന്നിരുന്നു.

മാർക്കറ്റ് വിലയേക്കാൾ കുറച്ച് ഓഫർ നൽകിയാണ് നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിറ്റഴിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. “കഴിഞ്ഞ വർഷം ജനസംഖ്യയുടെ പകുതിയിലധികം പേരും സപ്ലൈകോ വഴിയാണ് സാധനങ്ങൾ വാങ്ങിയത്.

വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ സർക്കാർ വിപണിയിൽ ഇടപെട്ടു. എന്നാൽ ഇത്തവണ അങ്ങനെയല്ല. ഇതുപോലെ കാഴ്ചക്കാരായി സർക്കാർ നിൽക്കുന്നത് കണ്ടിട്ടില്ല എന്നാണ് വ്യാപാരികൾ പോലും പറയുന്നത്” എന്നും ജി.ആർ. അനിൽ കുറ്റപ്പെടുത്തി. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ വഴിയുള്ള ശക്തമായ വിപണി ഇടപെടൽ ഉണ്ടാകണമെന്നും വില നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version