Site icon Fourteen Kerala – 14 Kerala News

ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്ന സംഭവം; ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്ന് വിശദീകരണം

ഡല്‍ഹി: ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതു വിശദീകരണം. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മെയിന്റനന്‍സ് റിപ്പോര്‍ട്ടുമുണ്ട്.

തനിക്ക് ഉറക്കമില്ലായ്മ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് എഎഐബിക്ക് പൈലറ്റിന്റെ മൊഴി. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നതായും പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. ഫുക്കറ്റിലെ വിശ്രമസമയത്തും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കി.

വിമാനത്തിന് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് മെയിന്റനന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മര്‍ദ മുന്നറിയിപ്പ് രേഖപ്പെടുത്തി. രണ്ട് റിസര്‍വോയറുകളിലെ ദ്രാവക നിലയും കുറഞ്ഞിരുന്നു. ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. എലിവേറ്റര്‍ നിയന്ത്രണങ്ങളിലും തകരാര്‍ മുന്നറിയിപ്പ് ലഭിച്ചു. എമര്‍ജന്‍സി വാതിലുകളിലും മുന്നറിയിപ്പുകള്‍ ഉണ്ടായി – റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകാശച്ചുഴി കാരണമാണ് വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ ആദ്യ വിശദീകരണം. എന്നാല്‍, ടര്‍ബുലന്‍സ് എന്ന പരാമര്‍ശം ഒഴിവാക്കിയാണ് പിന്നീട് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

Exit mobile version