Site icon Fourteen Kerala – 14 Kerala News

ചൊക്ലിയിലെ ദീപ ലേഖയുടെ മരണം; ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല; കണ്ണൂർ ഡിഎംഒയ്‌ക്കെതിരെ കുടുംബം

കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂർ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻജിഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിഎംഒയ്‌ക്കെതിരെ ദീപയുടെ കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അഞ്ചു മാസം മുൻപാണ് ദീപ ഹെൽത്ത് ഇൻസ്‌പെക്ടറായി ചുമതലയേറ്റത്. എന്നാൽ ഭരണം മാറിയതോടെ ഇവരെ സ്ഥലം മാറ്റുകയായിരുന്നു. ഇടത് സംഘടന അംഗമായിരുന്നു ദീപ. ദീപ ലേഖയുടെ മരണം കൊലപാതകമാണെന്നാണ് വിഷയത്തിൽ എൻജിഒ യൂണിയൻ സ്വീകരിച്ചിരിക്കുന്ന നിലപാട്. രണ്ട് മാസം മുൻപ് അപകടത്തിൽപ്പെട്ട ദീപ ലേഖയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഈ വിഷയം ഡിഎംഒയോട് നേരിട്ട് സംസാരിച്ച് അറിയിച്ചിരുന്നുവെന്നും ദീപയുടെ ഭർതൃസഹോദരൻ വ്യക്തമാക്കി.

തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശന വേളയിൽ പ്ലക്കാർഡുകൾ ഉയർത്തി എൻജിഒ യൂണിയൻ പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, കാസർഗോഡ് എൻഡോസൾഫാൻ സെല്ലിലെ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിലും ഭരണാനുകൂല സംഘടനകൾക്കെതിരെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ഭരണമാറ്റത്തോടെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തന്നോട് ഒറ്റപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതായി ആശാലതയ്ക്ക് തോന്നിയിരുന്നതായി ഭർത്താവ് അജയൻ വെളിപ്പെടുത്തി.

Exit mobile version