വാഷിങ്ടൺ: അരിസോണയിൽ കോളേജ് വിദ്യാർഥിനിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. വരുൺ ബച്ചിഗാരി എന്നയാളാണ് പിടിയിലായത്. അരിസോണയിലെ ട്യൂസണിൽ വ്യാഴാഴ്ച വൈകീട്ടാണ് വരുണിന്റെ കാമുകിയും വിദ്യാർഥിനിയുമായ ജുലിസ റൂബി സലാസറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ പരിക്കുകൾ വ്യക്തമായതിനെ തുടർന്ന് വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ വരുണാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. കൃത്യം നടത്തിയ ഉടൻ അമേരിക്കയിൽ നിന്നും വിമാനമാർഗ്ഗം ജർമനിയിലേക്ക് കടന്ന വരുൺ, അവിടെനിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു.
എന്നാൽ, പ്രതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാൽ ജർമനിയിലെത്തിയ ഉടൻ എയർപോർട്ടിൽ വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അമേരിക്കൻ പൊലീസ് ചുമത്തിയിരിക്കുന്നത്.
ട്യൂസൺ പൊലീസും എഫ്.ബി.ഐയുടെ വിവിധ ഓഫീസുകളും സംയുക്തമായാണ് ഈ പിടികൂടലിന് നേതൃത്വം നൽകിയത്. ജർമനിയിൽ കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻതന്നെ അമേരിക്കയിലേക്ക് നാടുകടത്തുമെന്നും അരിസോണയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.യൂണിവേഴ്സിറ്റി ഓഫ് അരിസോണയിൽ ബിസിനസ് അനലിറ്റിക്സ് വിദ്യാർത്ഥിയായിരുന്ന വരുണിനെ മുൻപ് ക്യാമ്പസിൽ വഴക്കുകൾ ഉണ്ടാക്കിയതിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്നും പുറത്താക്കിയിരുന്നു.
