Site icon Fourteen Kerala – 14 Kerala News

മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ 11-ാം ദിവസം; തമിഴ്നാട് തീരത്തും അന്വേഷണം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ തിരച്ചിലിൽ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കായതിനാൽ തമിഴ്നാട് തീരങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടക്കുമെന്നാണ് വിവരം.

അതേസമയം മുതലപ്പൊഴിയിൽ നേവി സംഘം ഇന്ന് രാവിലെ തിരച്ചിൽ നടത്തില്ല. ഐ.എൻ.എസ് കൽപേനി നീണ്ടകരയിലേക്ക് തിരികെ പോയി. അവിടെ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിൽ സംഘം പങ്കെടുക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ സാധ്യമല്ലെന്ന് നേവി അറിയിച്ചു.
എന്നാൽ ഇന്ന് രാവിലെ നേവി തിരച്ചിൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ നേവി സംഘം എത്തിയിരുന്നെങ്കിലും കാലാവസ്ഥ മൂലം തിരച്ചിൽ നടത്താനായില്ല. ഷിജിനെ കാണാതായിട്ട് ഇന്നേക്ക് 11 ദിവസമായി. സ്കൂബാ സംഘം അടക്കം തിരച്ചിൽ നടന്നിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു.

കുടുംബം വലിയ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്കൂബാ സംഘം അടക്കം തിരച്ചിലിന് എത്തിയത്. കോസ്റ്റൽ പൊലീസ് പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കടലിൽ ഇറങ്ങാൻ തയ്യാറായില്ല. തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും അഞ്ചുതെങ്ങിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.

“ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര, അത് നടപ്പാക്കണം” എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഷിജിന്റെ ഭാര്യാ സഹോദരി പറഞ്ഞത് പ്രകാരം തിരച്ചിൽ വൈകുന്ന സാഹചര്യത്തിൽ തങ്ങളുടെ ആളുകൾ സ്വന്തം നിലയിൽ തിരയുന്നുണ്ട്. സർക്കാർ നൽകിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷ.

മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം കഴിഞ്ഞാണ് സംഭവസ്ഥലത്ത് സ്കൂബാ സംഘം എത്തിയത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

Exit mobile version