ബാങ്കോക്ക്: തായ്‍ലൻഡിലെ നോന്തബുരി പ്രവിശ്യയിലുള്ള ഡെബ്സിറിൻ നോന്തബുരി സ്കൂളിലുണ്ടായ വെടിവെപ്പിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം ആറുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു നടുക്കുന്ന ഈ കൂട്ടക്കുരുതി നടന്നത്.
സ്വന്തം വീട്ടിൽ വെച്ച് മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥി തോക്കുമായി സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും നിറയൊഴിച്ചതും. ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.കൂടാതെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയാണുണ്ടായത്.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, കുടുംബാംഗത്തിന്റെ വീട്ടിൽ നിന്നാണ് പ്രതി തോക്ക് കൈക്കലാക്കിയതെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ തായ്‍ലൻഡ് വിദ്യാഭ്യാസ മന്ത്രി പ്രസേർട്ട് ജന്തരാരുവാങ്‌തോങ് സ്ഥിരീകരണം നൽകുകയും, പ്രധാനമന്ത്രി അനുട്ടിൻ ചാൻവിരാകുൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
