Site icon Fourteen Kerala – 14 Kerala News

രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ; തഹസീൽദാറിനും സൂപ്രണ്ടിനും എഡിഎമ്മിന്റെ നോട്ടീസ്

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാറിനോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും കണ്ണൂർ എ.ഡി.എം വിശദീകരണം തേടി. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് നൽകി.

ഇന്ന് ഉച്ചയ്ക്ക് 3 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ കളക്ടർ എ.ഡി.എമ്മിനെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷ് ഒഴുക്കിൽപ്പെട്ടത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി 8 മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ പരിയാരം മെഡിക്കൽ കോളേജിന്റെ പക്കലുണ്ടായിരുന്ന ആംബുലൻസിൽ ഫ്രീസർ സൗകര്യം ഉണ്ടായിരുന്നില്ല.ഈ വിവരം റവന്യൂ അധികൃതരെ അറിയിച്ചിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നു. സ്വകാര്യ ആംബുലൻസുകൾ വലിയ തുക വാടക ആവശ്യപ്പെട്ടെന്നും സൂപ്രണ്ട് വിശദീകരിച്ചു. എന്നാൽ ഇങ്ങനെയൊരു പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പയ്യന്നൂർ തഹസീൽദാറുടെ നിലപാട്.

ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയതിനാൽ കോഴിക്കോട് എത്തിയപ്പോഴേക്കും മൃതദേഹത്തിന്റെ സ്ഥിതി മോശമായി. വിവരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറിയിച്ചതോടെ, സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് ചാവക്കാട് വെച്ച് ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി.സംഭവം വലിയ വിവാദമായതോടെയാണ് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ഇടപെട്ടത്.

“ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് റവന്യൂ ജീവനക്കാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു” എന്ന് രാജേഷിന്റെ നാട്ടിൽ നിന്നെത്തിയ പഞ്ചായത്ത് അംഗം മഹേഷ് പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട രക്ഷാപ്രവർത്തകന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ ഉണ്ടായ അനാസ്ഥയിൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version