Site icon Fourteen Kerala – 14 Kerala News

11 ഭാഷകളിൽ സംസാരിക്കുന്ന എഐ വാട്‌സ്ആപ്പ് ബോട്ട് സേവനത്തിലേക്ക്, ബുക്കിംഗ് സൂപ്പർ ഈസി

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ബോട്ട് പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉൾപ്പെടെ 11 ഭാഷകളിൽ നിലവിൽ സേവനം ലഭ്യമാക്കിയിട്ടുള്ള ഈ ബോട്ട്, ഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബസ് ടിക്കറ്റ് ബുക്ക് ചെയ്യൽ, ടിക്കറ്റ് ക്യാൻസലേഷൻ, ടിക്കറ്റ് ലഭ്യത പരിശോധിക്കൽ, നിരക്ക് അറിയൽ, ബസ് വിവരങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ കെഎസ്ആർടിസി സേവനങ്ങൾക്കായി മാത്രം പ്രത്യേകമായി വികസിപ്പിച്ചതാണ് ഈ എഐ സംവിധാനം. മറ്റ് പൊതുവായ ചോദ്യങ്ങൾക്ക് ബോട്ട് മറുപടി നൽകില്ലെന്നതും പ്രത്യേകതയാണ്.

ഉപയോക്താവ് ഏത് ഭാഷയിൽ സംഭാഷണം ആരംഭിച്ചാലും അത് സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയിൽ മറുപടി നൽകാൻ ബോട്ടിന് സാധിക്കും. സാധാരണ ഒരാളോട് സംസാരിക്കുന്ന അനുഭവം നൽകുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് ബുക്കിംഗ് നടപടികൾക്കിടയിൽ ഉപയോക്താവ് എവിടെയെങ്കിലും തടസ്സപ്പെട്ടാൽ, അടുത്തതായി ചെയ്യേണ്ട കാര്യങ്ങൾ ബോട്ട് തന്നെ കൃത്യമായി നിർദേശിക്കും. ഇത് പൊതുജനങ്ങൾക്കിടയിൽ സേവനം കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുമെന്നും കെഎസ്ആർടിസി അധികൃതർ കൂട്ടിച്ചേർത്തു.

Exit mobile version