പൊന്നാനി: കനത്ത മഴയും ട്രോളിങ് നിരോധനവും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ പൊന്നാനി ഹാർബറിൽ ആശ്വാസമായി മത്സ്യസമ്പത്ത് എത്തി. കഴിഞ്ഞ ദിവസം രാത്രി കടലിൽ പോയ ബോട്ടുകൾ ഇന്നലെ തിരിച്ചെത്തിയപ്പോൾ ഭൂരിഭാഗം പേർക്കും പ്രതീക്ഷിച്ചതിലും മികച്ച മീൻ ലഭിച്ചു.
പ്രധാനമായും കോരയാണ് വലിയ തോതിൽ ലഭിച്ചത്. തുടക്കത്തിൽ ഹാർബറിലെത്തിയ ബോട്ടുകളിലെ ഒരു കുട്ട കോരയ്ക്ക് 4,000 രൂപ വരെ വില ലഭിച്ചെങ്കിലും, ഉച്ചയോടെ വിപണിയിൽ വിലയിൽ കാര്യമായ ഇടിവുണ്ടായി. കോരയ്ക്ക് പുറമേ അയല, കൂന്തൽ, ചെമ്മീൻ എന്നിവയും പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും സുലഭമായി ലഭിച്ചിട്ടുണ്ട്.അതേസമയം, 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചയുടൻ ബോട്ടുകൾ കടലിൽ ഇറങ്ങിയെങ്കിലും ശക്തമായ കാറ്റും കനത്ത മഴയും കാരണം വലയിറക്കാൻ കഴിയാതെ പലതവണ മടങ്ങേണ്ടി വന്നിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ദിവസം ബോട്ടുകളും വള്ളങ്ങളും വീണ്ടും മീൻപിടിത്തത്തിനായി യാത്ര തിരിച്ചത്.
സാധാരണയായി ട്രോളിങ് നിരോധനത്തിന് ശേഷം ഹാർബറുകളിൽ വൻ ചാകര ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത്തരത്തിലുള്ള വലിയ ചാകരക്കോള് അനുഭവപ്പെട്ടിട്ടില്ല. നിലവിൽ മഴയും കാലവർഷക്കെടുതികളും തീരദേശവാസികളെ വലയ്ക്കുന്നുണ്ട്.
പ്രദേശത്ത് കടൽഭിത്തി ഇല്ലാത്തതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി താൽക്കാലിക ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
