ന്യൂഡല്‍ഹി: ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗെറ്റ് റെഡി വിത്ത് മി’ ട്രെന്‍ഡില്‍ കൈത്തറി വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ നിര്‍മ്മിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.ഇതിനായി ഒരു പുതിയ ഇന്‍സ്റ്റഗ്രാം റീല്‍ പ്രധാനമന്ത്രി പങ്കുവെച്ചു.
ഇന്ത്യയുടെ സമ്പന്നമായ നെയ്ത് പാരമ്പര്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും കൈത്തറി രംഗത്ത് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ പിന്തുണയ്ക്കാനും ഈ ക്യാമ്പെയിന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൈത്തറി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങാനും ധരിക്കാനും എല്ലാവരെയും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. കൈത്തറി വാങ്ങുന്നത് നമ്മുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം നെയ്തുകാരുടെ ഉപജീവനമാര്‍ഗ്ഗം കൂടി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“സൗഹൃദ ദിനം നിങ്ങള്‍ വളരെ ഊഷ്മളമായി ആഘോഷിച്ചതുപോലെ, കൈത്തറി ദിനവും അതേ ആവേശത്തോടെ ആഘോഷിക്കണം” എന്ന് മോദി യുവാക്കളോട് പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ആദരിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും, ഓരോ കൈത്തറി ഉല്‍പ്പന്നത്തിനും പിന്നിലുള്ള കരകൗശല വിദഗ്ധരുടെ കഠിനാധ്വാനത്തെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
