Site icon Fourteen Kerala – 14 Kerala News

വീണ്ടും അതിതീവ്ര മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാളോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.

7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. തൃശ്ശൂർ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

കണ്ണൂർ

ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

വയനാട്

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല. അവിടെയുള്ള വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ കർശനമായി ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

ആലപ്പുഴ

അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി. വെള്ളിയാഴ്ച പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി നൽകിയതായി ജില്ലാ കലക്ടർ ഷാജി വി. നായർ അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം

പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കാസർകോട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ നടപടിയായി ഓഗസ്റ്റ് 7 ന് അവധി പ്രഖ്യാപിച്ചു. കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

പത്തനംതിട്ട

ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

എറണാകുളം

പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

Exit mobile version