തൃശൂർ: തളിക്കുളത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഓയിൽ ആൻഡ് ഫ്ലോർ മില്ലിൽ വൻ തീപിടിത്തം. അപകടത്തിൽ വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിവിധ മസാലപ്പൊടികൾ എന്നിവയും പ്രൊഡക്ഷൻ മെഷീനറികളും പൂർണമായി കത്തിനശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇടശേരിക്കും പത്താം കല്ലിനും മധ്യേയുള്ള പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ ഉടമസ്ഥതയിലുള്ള മില്ലിലാണ് അഗ്നിബാധയുണ്ടായത്.
ഇന്ന് രാവിലെ അടഞ്ഞുകിടക്കുകയായിരുന്ന സ്ഥാപനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ഉടമ മുഹമ്മദ് സലിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, വൈദ്യുതി തടസ്സപ്പെട്ടിരുന്നതിനാൽ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ചെങ്കിലും വെളിച്ചെണ്ണയിലേക്ക് തീ പടർന്നതോടെ ആളിപ്പടരുകയായിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി.
വിവരമറിയിച്ചതിനെ തുടർന്ന് നാട്ടികയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് രാവിലെ 8:15-ഓടെയാണ് തീ പൂർണ്ണമായും അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടിക ഫയർ സ്റ്റേഷനിലെ എസ്. എഫ്. ആർ. ഒ കൃഷ്ണരാജ്, എഫ്. ആർ. ഒമാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജു, ഡ്രൈവർമാരായ അരുൺ, അജോ, ഹോം ഗാർഡുമാരായ സുനിൽ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണയ്ക്കൽ നടപടികൾ പൂർത്തിയാക്കിയത്.
