Site icon Fourteen Kerala – 14 Kerala News

മലയാള സിനിമയുടെ നായകസങ്കല്‍പങ്ങളുടെ സകല അളവുകോലുകളും തച്ചുടച്ച പ്രതിഭ; മുരളിയുടെ ഓര്‍മകള്‍ക്ക് 17 വയസ്

നടന്‍ മുരളിയുടെ ഓര്‍മകള്‍ക്ക് 17 വയസ്. പരുക്കന്‍ രൂപവും ഇടിമുഴക്കം പോലുള്ള ശബ്ദവും കൊണ്ട് മലയാള സിനിമയുടെ നായകസങ്കല്‍പങ്ങളുടെ സകല അളവുകോലുകളും തച്ചുടച്ച പ്രതിഭയാണ് മുരളി. പകരം വയ്ക്കാനില്ലാത്ത കലാ ജീവിതത്തിനുടമ.

പരുക്കന്‍ ഭാവത്തിനുള്ളില്‍ അതിനിഗൂഢമായ ആര്‍ദ്രതയും രാഗവും രൗദ്രവും ഒളിപ്പിച്ചുവച്ച മറ്റൊരു നടന്‍ മലയാളത്തിലുണ്ടായിട്ടില്ല. ഉജ്ജ്വലമായ ഭാവാഭിനയവും വ്യത്യസ്തമായ ശരീരഭാഷവും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ നടനേതിഹാസമാക്കി മാറ്റിയത്.
സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും മുരളിയുടെ കഥാപാത്രങ്ങള്‍ വേറിട്ടുനിന്നു. കടപ്പുറത്തിന്റെ രീതികളും ശരീരഭാഷയും സംഭാഷണശൈലിയും തനിക്ക് വഴങ്ങുമെന്ന് അമരത്തിലെ കൊച്ചുരാമനിലൂടെ അദ്ദേഹം തെളിയിച്ചു.

വിപ്ലവത്തിന്റെ ചുവപ്പ് പടര്‍ന്നതായിരുന്നു ലാല്‍ സലാമും മീനമാസത്തിലെ സൂര്യനും. കഥാപാത്രത്തിന്റെ ചോരയും കണ്ണീരും സ്വജീവനിലേക്ക് പകര്‍ത്തി ജ്വലിച്ച ഒരു രാസപ്രതിഭാസമായിരുന്നു മുരളി. അഭിനയത്തിന്റെ രസതന്ത്രം ഗ്രഹിച്ച കലാകാരന് ആത്മസാക്ഷാല്‍ക്കാരമായിരുന്നു ഓരോ കഥാപാത്രവും.

നെയ്ത്തുകാരനിലെ അപ്പമേസ്ത്രിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നാലുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരുവാണ് അവസാനചിത്രം.

Exit mobile version