കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ള 5 പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 10 പേരിൽ ഒരാളാണ് ബിനുവെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വഴുതക്കാട്ടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയപ്പോൾ മുന്നിൽ നിന്ന് പ്രതിഷേധം നയിച്ചത് ഐ.പി ബിനുവായിരുന്നു. ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ആക്രമണത്തിന് നേതൃത്വം നൽകിയതും ചീമുട്ട എറിഞ്ഞതും ബിനു ആണെന്നാണ് കേസ്.
67 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് മുൻപ് സമാന കേസിൽ ഒൻപത് പ്രതികൾക്കും കോടതി ജാമ്യം നൽകിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നാളെ വിധി പറയുന്ന ജഡ്ജിയെ പോലും ആക്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇഡിയുടെ നിലപാടും. എന്നാൽ കുറ്റകൃത്യം ഗുരുതരമാണെന്നതിൽ തർക്കമില്ലെങ്കിലും 67 ദിവസം പിന്നിട്ടതായും തെളിവുകൾ കണ്ടെത്തി അന്വേഷണം ഏറെക്കുറെ പൂർത്തിയായതായും കോടതി നിരീക്ഷിച്ചു. അതിനാൽ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലല്ലോ എന്നും കോടതി ചോദിച്ചു.പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ 24 പേർക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.
